സര്‍ക്കാര്‍ ജോലി വാഗ് ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ബി.ജെ.പി നേതാവ് കീഴടങ്ങി

ഇടുക്കി: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗവും മുൻ ഡി.സി.സി സെക്രട്ടറിയുമായ ബെന്നി പെരുവന്താനം (62) പൊലീസിന് കീഴടങ്ങി.

നാലാം പ്രതി വണ്ടിപെരിയാർ കറുപ്പുപാലം ഉരുണിയില്‍ വീട്ടില്‍ യു.എച്ച്‌. ഫൈസലിനെ (40) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പരാതിക്കാരന്റെ മകന് ഇടുക്കി ആയുർവേദ കോളേജിലും മരുമകള്‍ക്ക് തിരുവനന്തപുരം ശ്രീ ചിത്രയിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപയാണ് തട്ടിപ്പ് നടത്തിയത്. 2024 ജൂണില്‍ ഏലപ്പാറയില്‍ ടാക്സി ഡ്രൈവറായ ബോണാമി സ്വദേശിയുടെ വാഹനത്തില്‍ ബെന്നി പെരുവന്താനം തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ പി.എസ്.സി വഴി നിരവധി നിയമനങ്ങള്‍ നടത്തുന്നുണ്ടെന്നും തനിക്ക് സർക്കാർ ഉദ്യോഗസ്ഥരുമായി നല്ല ബന്ധമാണെന്നും ടാക്സി ഡ്രൈവറെ ബോധിപ്പിച്ചു. പി.എസ്.സി ഉദ്യോഗസ്ഥർക്ക് നിയമനത്തിന് ക്വാട്ടയുണ്ടെന്നും അവർക്ക് നിശ്ചിത തുക നല്‍കിയാല്‍ മക്കള്‍ക്ക് ജോലി നല്‍കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് ബെന്നി പെരുവന്താനം പറഞ്ഞിട്ടാണെന്ന് പറഞ്ഞ് തിരുവനന്തപുരത്തുകാരൻ രാജേഷ് ഡ്രൈവറെ ഫോണില്‍ വിളിച്ചു. മരുമകള്‍ക്ക് ശ്രീചിത്രയില്‍ സ്റ്റാഫ് നഴ്സാകാൻ 10 ലക്ഷം രൂപയും മകനെ ഇടുക്കി ആയുർവേദ കോളേജില്‍ തെറാപ്പിസ്റ്റായി നിയമിക്കുന്നതിന് ഏഴ് ലക്ഷം രൂപയും ആവശ്യപ്പെട്ടു. അടുത്ത ദിവസം ബെന്നി പെരുവന്താനത്തിനൊപ്പം തിരുവനന്തപുരത്തെത്തിയപ്പോള്‍ ഫൈസലിനെ കണ്ടു. ഇവർക്കൊപ്പം രാജേഷിന്റെ വീട്ടിലെത്തി രണ്ട് ലക്ഷം രൂപ ആദ്യ ഗഡു നല്‍കി. ബാക്കി പണം പല തവണകളായി അക്കൗണ്ടിലൂടെയും വീട്ടില്‍ വന്നും വാങ്ങിയെന്ന് പരാതിയില്‍ പറയുന്നു.

2024 ജൂലായ് രണ്ടിന് മരുമകള്‍ക്ക് ശ്രീചിത്രയുടെ പേരില്‍ അഭിമുഖത്തിന് വ്യാജ കത്ത് ലഭിച്ചു. ഒഴിവുകള്‍ ബാക്കിയുണ്ടെന്നും മറ്റാളുകളുണ്ടെങ്കില്‍ അറിയിക്കാനും രാജേഷ് പറഞ്ഞു. ഡ്രൈവർക്കറിയാവുന്ന അഞ്ച് പേരെ കൂടി പരിചയപ്പെടുത്തി. ഇവരില്‍ നിന്നായി 38.30 ലക്ഷം രൂപ രാജേഷിന് നല്‍കി. എല്ലാവർക്കും അഭിമുഖ കത്തും ഹാള്‍ടിക്കറ്റും അഡ്വൈസ് മെമ്മോയും കിട്ടി. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതെയായപ്പോഴാണ് പരാതി നല്‍കിയത്ത്. സംഭവത്തില്‍ പ്രതികളായ തിരുവനന്തപുരം സ്വദേശികളായ രാജേഷ്, പി.എസ്.സി ഓഫീസർ ചമഞ്ഞ് കബളിപ്പിച്ച അഗസ്റ്റ്യൻ എന്നിവർ ഇനി പിടിയിലാകാനുണ്ട്. പീരുമേട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ച അന്വേഷണം നടക്കുന്നത്.

2 thoughts on “സര്‍ക്കാര്‍ ജോലി വാഗ് ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ബി.ജെ.പി നേതാവ് കീഴടങ്ങി

Leave a Reply to osvarka.com Cancel reply

Your email address will not be published. Required fields are marked *