
‘ബലാത്സംഗം നടന്നു, ഗര്‍ഭഛിദ്രത്തിനും തെളിവ്’; രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി പൊലീസ് റിപ്പോര്‍ട്ട്
തിരുവനന്തപുരം : ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് റിപ്പോര്‍ട്ടിൽ ഗുരുതര പരാമര്‍ശങ്ങള്‍. രാഹുലിന്‍റെ മുൻകൂര്‍ ജാമ്യഹര്‍ജിയിൽ അടച്ചിട്ട മുറിയിൽ വാദം തുടങ്ങി. പൊലീസ് റിപ്പോര്‍ട്ട് കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് രാഹുലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. സീൽ ചെയ്ത കവറിലുള്ള പൊലീസ് റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
വിശദമായ വാദം കേള്‍ക്കാമെന്ന് പ്രോസിക്യൂഷൻ അറിയിക്കുകയായിരുന്നു. ഡോക്ടറുടെ ഉള്‍പ്പെടെ സാക്ഷി മൊഴികള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് പൊലീസ് ഹാജരാക്കുക. ബലാത്സംഗം നടത്തിയതിന് തെളിവുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിജിറ്റൽ തെളിവുകള്‍ അടക്കം സീൽ ചെയ്ത കവറിൽ പൊലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്.
അടച്ചിട്ട മുറിയിൽ വാദം കേള്‍ക്കണമെന്നാണ് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലും ആവശ്യപ്പെട്ടിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി അടച്ചിട്ട മുറിയിൽ വാദം കേള്‍ക്കാൻ അനുവദിച്ചത്. മറ്റു കേസുകള്‍ പരിഗണിച്ചശേഷം 11.30ഓടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ നടപടികളാരംഭിച്ചത്.
നേരത്തെ അവസാനമായിരിക്കും കേസ് പരിഗണിക്കുകയെന്നാണ് അറിയിച്ചിരുന്നതെങ്കിലും മറ്റു കേസുകള്‍ പരിഗണിച്ച് മാറ്റിവെച്ചശേഷം രാഹുലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു. പ്രതിഭാഗത്തിന്‍റെ വാദ പൂര്‍ത്തിയായതിന് ശേഷം. പ്രോസിക്യൂഷന്‍റെ വാദവും പൂർത്തിയായി…
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റി, അടച്ചിട്ട കോടതി മുറിയിൽ ഒന്നരമണിക്കൂർ വാദം
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ഉത്തരവ് പിന്നീടായിരിക്കും. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്. ഒരു രേഖ കൂടി ഹാജരാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ എപ്പോഴാണ് വിധി വരുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കുമോ ഉത്തരവ് എന്നതിലും വ്യക്തതയില്ല. അതേ സമയം, ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനകൾ പൂർത്തിയായാൽ ഉത്തരവ് ഇന്നുണ്ടാകും. അല്ലെങ്കിൽ നാളെ എന്നാണ് പുറത്തുവരുന്ന സൂചന
