നെടുങ്കണ്ടത്ത് ചാരായവും കോടയുമായി ഒരാള്‍ പിടിയിലായി

നെടുങ്കണ്ടം:തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ വിതരണം നടത്തുവാനായി തയാറാക്കിയ ചാരായവും കോടയുമായി ഒരാള്‍ പിടിയിലായി.

അഞ്ചു ലിറ്റര്‍ വാറ്റുചാരായവും 25 ലിറ്റര്‍ കോടയും വാറ്റ്‌ ഉപകരണങ്ങളുമായി പൊന്നാമല കാരിമലയില്‍ ബിജു കുര്യനാണ്‌ (48) ഇടുക്കി എക്‌സൈസ്‌ സ്‌പെഷ്യല്‍സ്‌ക്വാഡിന്റെ പിടിയിലായത്‌.
നെടുങ്കണ്ടം പഞ്ചായത്ത്‌ പൊന്നാമല മേഖലയിലെ സ്വതന്ത്ര സ്‌ഥാനാര്‍ഥിയുടെ സജീവ പ്രചാരകനായിരുന്നു പിടിയിലായ ബിജു കുര്യന്‍.

പകല്‍ തെരഞ്ഞെടുപ്പ്‌ പ്രചരണവും രാത്രിയില്‍ വ്യാജ വാറ്റുമായിരുന്നു ഇയാളുടെ പണിയെന്നാണ്‌ എക്‌സൈസ്‌ പറയുന്നത്‌.
ഇടുക്കി എക്‌സൈസ്‌ സ്‌പെഷ്യല്‍സ്‌ സ്‌ക്വാഡിന്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധന യിലാണ്‌ പ്രതി പിടിയിലായത്‌. ഇയാളുടെ പേരിലുള്ള ആള്‍താമസമില്ലാത്ത വീട്ടിനുള്ളിലാണ്‌ എല്ലാ ദിവസവും ചാരായം വാറ്റിയിരുന്നത്‌.

എക്‌സൈസ്‌ സംഘം വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ വ്യാവസായിക അടിസ്‌ഥാനത്തില്‍ വാറ്റുവാന്‍ ആവശ്യമായ ഉപകരണങ്ങളും പിടിച്ചെടുത്തു. ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ചാണ്‌ പരിശോധന നടത്തിയത്‌. ഇടുക്കി എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.വി. രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തിയത്‌. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്‌ എക്‌സൈസ്‌ സംഘം പരിശോധിച്ചു വരികയാണ്‌. പരിശോധനയില്‍ ഉടുമ്ബന്‍ചോല എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജി. വിജയകുമാര്‍, അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ഗ്രേഡ്‌ പി.ടി. സിജു, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ എ. അനന്തു, പി.എസ്‌ വിഷ്‌ണു, വനിതാ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ മരിയ ഏബ്രഹാം, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ ഡ്രൈവര്‍ പി.കെ. ശശി എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു

Leave a Reply

Your email address will not be published. Required fields are marked *