
തൊടുപുഴ: അനധികൃത മരുന്നുമായി 18 കാരൻ പിടിയിലായി. ഡോക്ടറുടെ നിര്‍ദേശമില്ലാതെയാണ് അര ലക്ഷം രൂപയുടെ ‘ബ്ലഡ് പ്രഷര്‍’ മരുന്ന് 18-കാരൻ വാങ്ങിയത്.
ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഉദ്യോഗസ്ഥരെത്തി മരുന്നുകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓണ്‍ലൈൻ വഴിയാണ് മരുന്ന് വാങ്ങിയത്.
അര ലക്ഷം രൂപയിലധികം വില വരുന്ന മരുന്നുകളുമായി 18 വയസ്സുകാരൻ പിടിയിലായി.
തൊടുപുഴ ടൗണില്‍ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആദിത്യൻ ബൈജു എന്ന യുവാവ് അനധികൃതമായി മരുന്നുകള്‍ സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്.
ഏകദേശം 50,850 രൂപ വിലമതിക്കുന്ന, 150 വയല്‍ ഇൻജക്ഷൻ മരുന്നുകളാണ് കസ്റ്റഡിയിലെടുത്തത്.
ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് ജീവന് തന്നെ അതീവ അപകടകരമാണ്.
ഓണ്‍ലൈൻ വഴി മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ ഡ്രഗ്സ് കണ്ട്രോള് വകുപ്പ് രജിസ്റ്റർ ചെയ്യുന്ന അഞ്ചാമത്തെ കേസാണിത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ തുടർനടപടികള്‍ സ്വീകരിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഡ്രഗ്സ് കണ്‍ട്രോളർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
എറണാകുളം അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളർ കെ. സന്തോഷ് മാത്യുവിന്റെ നിർദ്ദേശപ്രകാരം ഡ്രഗ്സ് ഇൻസ്പെക്ടർ മാർട്ടിൻ ജോസഫ് നിയമനടപടികള്‍ സ്വീകരിച്ചു. ഡ്രഗ്സ് ഇൻസ്പെക്ടർ ഇന്റലിജൻസ് കെ.ആർ. നവീനും പരിശോധനയില്‍ പങ്കെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
